നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു

ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയിൽ വീണ്ടും പാകിസ്ഥാൻ സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്കു നേരേ വെടിയുതിർത്തു. പൂഞ്ചിലും കുപ്‌വാരയിലുമാണ് പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്. പാക് സൈനികർ ഇന്ത്യൻ പോസ്റ്റുകൾക്കു നേരേ വെടിവെച്ചതിന് പിന്നാലെ ബിഎസ്എഫ് ശക്തമായി തിരിച്ചടിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം തുടർച്ചയായി നാലാമത്തെ തവണയാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് വെടിനിർത്തൽ കരാർ ലംഘനമുണ്ടാകുന്നത്. പൂഞ്ച് സെക്ടറിൽ പാകിസ്താൻ നടത്തുന്ന സമീപകാലത്തെ ആദ്യത്തെ വെടിനിർത്തൽ കരാർ ലംഘനമാണ് ഇന്നലെ രാത്രി നടന്നത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനെതിരെ കടുത്ത നടപടികൾ സ്വീകരിച്ചതോടെയാണ് പാക് സൈന്യം നിയന്ത്രണ രേഖയിൽ തുടർച്ചയായ പ്രകോപനം സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ദിവസവും പാകിസ്ഥാൻ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയുമായി റാംപുർ, തുഗ്മാരി സെക്ടറുകളിലാണ് പാകിസ്ഥാന്റെ പ്രകോപനമുണ്ടായത്. അതേസമയം തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘനമുണ്ടാകുന്നത് ഗൗരവത്തോടെയാണ് സൈന്യം വിലയിരുത്തുന്നത്.











